ഇപ്പോൾ എല്ലാവരും ഇന്ത്യക്കുള്ളിലെ കള്ളപ്പണത്തെപ്പറ്റിയാണ് സംസാരിക്കുന്നത്. ഇന്ത്യക്കു പുറത്തുള്ള കള്ളപ്പണവും, സ്വിസ് ബാങ്കുമെല്ലാം പൊതുജനം പാടെ മറന്നുകഴിഞ്ഞു. '15 ലക്ഷം' അകൗണ്ടിൽ വരുന്ന കാര്യവും പൊതുജനം എന്നേ മറന്നുകഴിഞ്ഞു. അതിനിടക്കാണ് നമ്മുടെ കേന്ദ്ര ധനമന്ത്രി ബജറ്റ് പ്രസംഗത്തിനിടയിൽ ഒരു നഗ്‌ന സത്യം വെളിപ്പെടുത്തിയത്. വളരെ ദശാബ്ദങ്ങളായി നാം നികുതി വെട്ടിപ് ഒരു ജീവിത ശൈലിയായി മാറ്റിയിരിക്കുകയാണെന്ന്. മാത്രവുമല്ല, നികുതി അടക്കുന്നവരിൽ അധികം പേരും താഴ്ന്ന വരുമാനത്തിൽ പെട്ടവരുമാണെന്ന്. അതായതു ഉയർന്ന വരുമാനകാർ വളരെ കുറച്ചേ കണക്കു പ്രകാരം ഉള്ളു എങ്കിലും ഇവർക്കുവേണ്ടി കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ വളരെ വിലകൂടിയ ഒന്നര കോടി പുതിയ കാറുകളാണ് റോഡിലിറങ്ങിയതെന്ന്. അദ്ദേഹം വീണ്ടും പറഞ്ഞു, വളരെ കുറച്ചു പേര് സത്യസന്ധരായി നികുതി അടക്കുകയും, ബഹുഭൂരിപക്ഷം നികുതി വെട്ടിപ്പ് നടത്തുകയും ചെയ്യുമ്പോൾ, നികുതി അടക്കുന്ന കുറച്ചുപേരുടെ മേൽ അധികഭാരം വന്നു ചേരുമെന്ന്. ധനമന്ത്രി കള്ളപ്പണത്തിന്റെ വ്യാപ്തി കാണിക്കാനാണ് വളരെ അഭിമാനപൂർവം ഇത് പറഞ്ഞതെങ്കിലും, എനിക്ക്, മന്ത്രിയുടെ അനാസ്ഥയെപ്പറ്റിയും, നാടിന്റെ സ്ഥിതിയെപ്പറ്റിയും ആലോചിച്ചപ്പോൾ അഭിമാനക്കേടായിട്ടാണ് തോന്നിയത്. ഈ അഭിമാനക്കേട് എന്നെ മറ്റു ചില ചിന്തകളിലേക്ക് തിരിച്ചു.
ഒന്നാമതായി, നികുതിവെട്ടിപ്പുകാരായ ഭൂരിപക്ഷ വമ്പൻ സ്രാവുകളെ പിടിക്കാനോ നിയന്ത്രിക്കാനോ ആദായ വകുപ്പിന് ത്രാണിയില്ലെങ്കിൽ ആ വകുപ്പ് എന്തിനാണ് വച്ചിരിക്കുന്നത്? നികുതി അടക്കുന്നവരെ കഴുത്തുപിടിച്ചു ഞെരിക്കാനോ? അതോ കള്ളപ്പണക്കാർക്കും നികുതിവെട്ടിപ്പുകാർക്കും കാവൽ നിന്ന് സംരക്ഷണ കൂലി (Protection money} വാങ്ങി രാഷ്ട്രീയ നേതാക്കൾക്ക് കൊണ്ടുകൊടുക്കാനോ?
ഈ സാഹചര്യത്തിൽ ആദായ നികുതി എടുത്തുകളയുകയും ആദായനികുതി വകുപ്പ് അടച്ചു പൂട്ടുകയും ചെയ്തത്, അതിലെ പകുതി ജോലിക്കാരെ അപ്രത്യക്ഷ നികുതി (എക്‌സൈസ് /സേവന നികുതി) വകുപ്പിലേക്ക് മാറ്റിയാൽ ഇന്ത്യയെ ഒരു പുതിയ ചക്രവാളത്തിലേക്ക് നയിക്കാനും കള്ളപ്പണവും നികുതിവെട്ടിപ്പും പാടെ ഇല്ലാതാക്കാനും സാധിക്കും. കാരണം സേവന നികുതി മുതലായ മേഖലയിൽ കൈക്കൂലിക്കും തട്ടിപ്പിനും ഉള്ള സാദ്യതകൾ വളരെ കുറവാണ്. മാത്രവുമല്ല, നികുതി പിരിക്കാനുള്ള വിഷമവും, പിരിക്കാനുള്ള ചിലവും, ആദായ നികുതിയെ അപേക്ഷിച്ചു നോക്കിയാൽ വളരെ കുറവാണ്. ആദായ നികുതിയിലെ സബ്സിഡി, കിഴിവ്, ഒഴിവു, (subsidy, exemption, deduction, etc) എന്നീ മേഖലകളിലാണ് ഏറ്റവുമധികം അഴിമതിയും കൈക്കൂലിയും ഉള്ളത്. അതിനിടയിൽ റെയ്ഡ്, സർവേ, ജപ്തി (Raid, search & seizure, confiscation etc.) എന്നിങ്ങനെയുള്ള പരിപാടികളെല്ലാം ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്നതിനുള്ള തന്ത്രങ്ങളാണ്. അതുകൊണ്ടു ആദായ നികുതി നിയമവും ആദായ നികുതി ഡിപ്പാർട്മെന്റും നിർത്തലാക്കിയാലല്ലാതെ കള്ളപ്പണവും നികുതിവെട്ടിപ്പും കൈക്കൂലിയും തടയാനാവില്ല. അതോടൊപ്പം അപ്രത്യക്ഷ നികുതി , പ്രത്യേകിച്ചു സേവന നികുതി വളരെ ശക്തമാക്കുകയും ചെയ്യണം. ഇതിൽനിന്നും ആർക്കും വേഗം ഒഴിഞ്ഞു മാറാനാവില്ല. മാത്രവുമല്ല, കരം പിരിക്കാനുള്ള ചിലവും വളരെ കുറവാണു.
എന്നാൽ ഇതൊന്നും അത്ര എളുപ്പത്തിൽ സാധിക്കുന്ന കാര്യമല്ല. കാരണം, ചിലർക്ക് ഇതത്ര രസിക്കില്ല. പ്രധാനമായും, ചാർട്ടേർഡ് അക്കൗണ്ടന്റ്മാർ, വക്കീൽമാർ, ജഡ്ജിമാർ, എന്നിങ്ങനെയുള്ളവർ. കാരണം, അവരിൽ പകുതി പേരുടെ പണി പ്രത്യക്ഷമായോ, പരോക്ഷമായോ പോകും. കാരണം മൊത്തം കേസുകളുടെ കണക്കെടുത്താൽ അധികവും ആദായ നികുതിയുടെ കേസുകളായിരിക്കും. ഇതില്ലാതായാൽ കെട്ടിക്കടുക്കുന്ന എല്ലാ കേസുകളും വേഗം തീർപ്പാകും. അതുകൊണ്ടു, അവർ ഇതിനെതിരായി വരും.
ഇനി, അവസാനമായി എന്നാൽ വളരെ പ്രധാനപ്പെട്ട ഒരു കാര്യം പറയുവാനുണ്ട്. അതായതു, അഴിമതിയും, കള്ളപ്പണവും, നികുതിവെട്ടിപ്പും ഇല്ലെങ്കിൽ പിന്നെ, വലിയ പണക്കിഴികൾ രാഷ്ട്രീയക്കാർക് ആര് കൊടുക്കും? അതില്ലെങ്കിൽ പിന്നെ രാഷ്ട്രീയ പണിക്ക് പോയിട്ടു എന്ത് കാര്യം? പക്ഷെ അങ്ങിനെയൊരു കാര്യം സാധ്യമായാൽ, തീർച്ചയായും ഇന്ത്യയിൽ പരിശുദ്ധവും ചെലവ് ചുരുങ്ങിയതുമായ ഒരു രാഷ്ട്രീയം ഉടലെടുക്കും. പക്ഷെ അതിനു ഇപ്പോഴുള്ളവർ പെട്ടെന്നൊന്നും സമ്മതിക്കുമെന്നു തോന്നുന്നില്ല.
ആദായ നികുതി വകുപ്പിനെപറ്റി എന്റെ ആത്‌മകഥയായ "A FRAUD IN THE INDIAN CONSTITUTION" എന്ന പുസ്തകത്തിൽ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. അതിന്ടെ രണ്ടാം ഭാഗം ഉടനെ പുറത്തുവരും. കൂടുതൽ വിവരങ്ങൾക്കു എന്റെ വെബ് www.manjaly.net പേജ് കാണുക.